തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. തുടക്കത്തിൽ തിരുവനന്തപുരം – കണ്ണൂർ (കോഴിക്കോട് വഴി), തിരുവനന്തപുരം – ബംഗളുരു, കോഴിക്കോട്-ബംഗളുരു സർവീസുകളാണ് പരിഗണിക്കുന്നത്.
ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി പിടിച്ചിട്ടിരിക്കുകയായിരുന്നു. ബസ് രൂപമാറ്റം വരുത്തിയ ശേഷം കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം നീണ്ടതാണ് സർവീസ് വൈകാൻ കാരണമായത്. ആളെ കയറ്റി സർവീസ് നടത്താനുള്ള സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഇന്നലെയാണ് തീരുമാനമായത്.
നവകേരള സദസിനായി മന്ത്രിസഭയ്ക്ക് സഞ്ചരിക്കാൻ 1.15 കോടിരൂപയ്ക്കാണ് ബസ് നിർമിച്ചത്. ബംഗളൂരുവിലെ പ്രകാശ് (എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയിലായിരുന്നു ബസ് ബോഡി നിർമിച്ചത്. നവകേരള യാത്രയ്ക്ക് ശേഷം, ബസിനുള്ളിലെ സൗകര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബംഗളൂരുവിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന സീറ്റുകൾ മാറ്റി പുഷ്ബാക്ക് സീറ്റാക്കി. ടോയ്‌ലറ്റ് സൗകര്യവും ലിഫ്റ്റ് സംവിധാനവും നിലനിർത്തി. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ചെറിയ അടുക്കള സംവിധാനവും എസി ബസിലുണ്ട്. ലഗേജ് വയ്ക്കാനായി സ്ഥലസൗകര്യം ഏർപ്പെടുത്തി. ബസിന്‍റെ നിറവും പുറത്തെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. മൂന്നു മാസം നവീകരണത്തിനായി ബസ് ബംഗളൂരുവിലുണ്ടായിരുന്നു.