ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിൽനിന്ന് ഭക്തർക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന പരാമർശത്തെത്തുടർന്നാണ് അറസ്റ്റ്. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹൻ വിവാദപരാമർശം നടത്തിയത്.
പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹൻ.ജി. തിരുച്ചിറപ്പള്ളി പോലീസിന്റെ സൈബർ ക്രൈം യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുപ്പതി ലഡു പ്രശ്നം പോലെ തമിഴ്നാട്ടിലും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം പഴനിയേക്കുറിച്ചും സംസാരിച്ചത്.
“പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ വാർത്ത മുമ്പ് മറച്ചുവെയ്ക്കുകയായിരുന്നു. അതിനിടയാക്കിയ പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു. നമ്മൾ തെളിവുകളില്ലാതെ സംസാരിക്കരുത്. പക്ഷേ, ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനന നിയന്ത്രണ ഗുളികകൾ ഹിന്ദുക്കൾക്കുമേലുള്ള ആക്രമണമാണെന്ന് അവിടെ ജോലിചെയ്യുന്നവർതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്”, മോഹന്റെ വാക്കുകൾ ഇങ്ങനെ.
അഭിമുഖത്തിന്റെ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചതോടെ സംവിധായകനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി ശേഖർ ബാബു രംഗത്തെത്തി. പഴനിയിലെ പഞ്ചാമൃതത്തേക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, മോഹന്റെ അറസ്റ്റിനെതിരെ ബി.ജെ.പി നേതാവ് അശ്വത്ഥാമൻ അല്ലിമുത്തു പ്രതികരണവുമായെത്തി. മോഹൻ ജിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് അശ്വഥാമൻ പറഞ്ഞു. അറസ്റ്റിൻ്റെ കാരണം സംവിധായകൻ്റെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.