മാവേലിക്കര ∙ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുർമന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷൻ ഹൗസ് ഓഫിസറെയും വനിത സിവിൽ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസിൽ അമ്മയും മകളും ഉൾപ്പെടെ 3 പേരെ 13 വർഷം കഠിനതടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയിൽ ആതിര (ചിന്നു–26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവർക്കാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ മൂന്നു പേരും 7 വർഷം വീതം കഠിന തടവ് അനുഭവിക്കണം.
2016 ഏപ്രിൽ 23ന് ആലപ്പുഴ വനിത സെൽ എസ്എച്ച്ഒ ആയിരുന്ന മലപ്പുറം തിരൂരങ്ങാടി ചേലാമ്പ്ര പുല്ലിപ്പറമ്പ് സ്വപ്ന വീട്ടിൽ മീനാകുമാരി (59), വനിത സിവിൽ പൊലീസ് ഓഫിസർ ലേഖ (48) എന്നിവരെ ആക്രമിച്ച കേസിലാണ് വിധി. ആക്രമണത്തിൽ മീനാകുമാരിയുടെ വലതു കൈവിരൽ ഒടിഞ്ഞിരുന്നു. പിഴത്തുകയിൽ ഒരു ലക്ഷം രൂപ മീനാകുമാരിക്കു നൽകണം.
പാലമേൽ പഞ്ചായത്തിലെ ഉളവുക്കാട് വന്മേലിൽ പ്രദേശത്തെ 51 പേർ ഒപ്പിട്ടു കലക്ടർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വനിതാ പൊലീസ് സംഘം സംഭവദിവസം വൈകിട്ട് ഇവരുടെ വീട്ടിലെത്തിയത്. ആതിരയുമായി സംസാരിച്ച മീനാകുമാരി, മന്ത്രവാദവും മറ്റും നിർത്തി വിദ്യാഭ്യാസം തുടരണമെന്ന് ഉപദേശിച്ചു. അതിനിടെ അപ്രതീക്ഷിതമായി ഇരുമ്പുകമ്പി കൊണ്ടു പ്രതികൾ ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന ലേഖയ്ക്കും മർദനമേറ്റു.