കാലടി : മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മണപ്പാട്ടുചിറയിൽ നടന്നുവരുന്ന നക്ഷത്ര തടാകം മെഗാകാർണിവലിന്റെ നടത്തിപ്പിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്തിന് മുൻപിൽ ഇടതുമുന്നണി സമരം നടത്താൻ പോകുന്നത് അപഹാസ്യമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥനാന കമ്മറ്റിയംഗം ടി.ഡി സ്റ്റീഫൻ പറഞ്ഞു. സമരനാടകം ആരെ ബോധ്യപ്പെടുത്താനാണ് എന്ന് മനസ്സിലാവുന്നില്ല. എറണാകുളം ജില്ലയിലെ ഒരു പ്രധാന ആഘോഷമായി മാറിയിട്ടുള്ള നക്ഷത്ര തടാകത്തിന്റെ നടത്തിപ്പിലെ അഴിമതിയും ഗുണ്ടാവിളയാട്ടവും സംബന്ധിച്ച് ഒരന്വേഷണം നടത്തിക്കണമെന്ന് 2019 ൽ ഇടതുമുന്നണിയുടെ യോഗത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. അന്ന് ഇടതുമുന്നണിയുടെ പ്രധാന കക്ഷിയായ സിപിഎആണ് ഇത് പറ്റില്ല അങ്ങനെയൊരു അന്വേഷണം വേണ്ട എന്ന് മുന്നണിയിൽ ആദ്യം പറഞ്ഞതെന്നും സ്റ്റീഫൻ ആരോപിക്കുന്നു.
2017, 18 കാലങ്ങളിലാണ് നക്ഷത്ര തടാകത്തിന്റെ വലിയ അഴിമതിയും ധൂർത്തും നടന്നിട്ടുള്ളത്. ഇതിന്റെ പിന്നിൽ നിരന്തരം കഷ്ടപ്പെട്ട് തടാകത്തിന്റെ നടത്തിപ്പിനുവേണ്ടി പണിയെടുത്ത യുവാക്കളെ ഭൂരിഭാഗം പേരെയും വിഡ്ഢികളാക്കിക്കൊണ്ടാണ് അഴിമതികൾ നടന്നിട്ടുള്ളത്. ഇതുകൊണ്ടാണ് ഇതിന്റെ നല്ല നടത്തിപ്പിനുവേണ്ടി ചില അന്വേഷണങ്ങളും നിയന്ത്രണങ്ങളും വേണമെന്ന് ആവശ്യപ്പെട്ടത്. ഇവിടെ എന്തെങ്കിലും ചെറിയ ഒരു സംഘർഷമോ, ചെറിയൊരു വെടിക്കെട്ട് സ്ഫോടനമോ നടന്നാൽ 100 ഏക്കർ വിസ്തൃതിയിൽ വെള്ളം നിറഞ്ഞ ഈ തടാകത്തിലേക്ക് എത്ര മനുഷ്യർ വീണ് ജീവൻ നഷ്ടപ്പെടുമെന്ന് കൃത്യമായി പറയാൻപോലും കഴിയില്ല.
2022 ൽ മാത്രമാണ് നക്ഷത്രതടാകം കാർണിവൽ അഴിമതിയില്ലാതെ നടന്നിട്ടുള്ളത്. വലിയൊരു പിരിവും നടത്താതെ കണക്കുകൾ കാണിച്ച് നാല് ലക്ഷം രൂപ ബാക്കിയുണ്ടായി. ലക്ഷക്കണക്കിന് ആൾക്കൂട്ടമുള്ള ഇവിടെ യാതൊരു സുരക്ഷാമാർഗ്ഗങ്ങളും സ്വീകരിച്ചിട്ടില്ല. ആവശ്യമായ പോലീസോ, ആരോഗ്യ വകുപ്പിന്റെ പ്രവർത്തകരോ, ഫയർ ആന്റ് സേഫ്റ്റി വിഭാഗക്കാരോ ഇവിടെ ഇല്ല. കൃത്യമായ ഉത്തരവാദിത്വമുള്ള നേതൃത്വത്തോടുകൂടി, കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ചും ഈ പദ്ധതി മുന്നോട്ട് നടത്തിയില്ലെങ്കിൽ കളമശ്ശേരി കുസാറ്റിൽ ഉണ്ടായപോലെ വൻ ദുരന്തം ഉണ്ടാവാൻ ഇടയാകുമെന്നും സ്റ്റീഫൻ പറഞ്ഞു. അഴിമതിക്ക് എതിര് നിൽക്കുന്ന ആരായാലും രാഷ്ട്രീയത്തിന്റെ ആദർശമോ കൊടിയുടെ നിറമോ നോക്കാതെ ഒറ്റപ്പെടുത്തി മാറ്റിനിർത്താനുള്ള സംഘടിത കൂട്ടായ്മയാണ് പല കാര്യങ്ങളിലും ഈ പഞ്ചായത്തിനുള്ളത്. ഇതുകൊണ്ട് തന്നെ മലയാറ്റൂരിൽ തുടങ്ങുന്ന പ്രസ്ഥാനങ്ങളെല്ലാം ഇടയ്ക്ക് വച്ച് നിന്നുപോകുന്നു.
നക്ഷത്രതടാകത്തിന്റെ വരുമാനം കണ്ടതിന് ശേഷം പഞ്ചായത്തും ഇറിഗേഷൻ വകുപ്പും ചിറയുടെ അവകാശത്തിന് വേണ്ടി വലിയ തർക്കങ്ങളും കേസും നിലവിലുണ്ട്. ഈ കാര്യത്തിൽ പരിഹാരം കാണുന്നതിന് തങ്ങൾ നൽകിയ പരാതി മുഖ്യമന്ത്രി ഇടപെട്ട് കളക്ടറെ ചുമതലപ്പെടുത്തി ത്രിതല പഞ്ചായത്തും എം.എൽ.എയും ഉൾപ്പെടെ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇതിന്റെ പൂർണ്ണ അവകാശി ആരാണെന്ന് തീരുമാനിക്കാനോ കൃത്യമായി വികസന പ്രവർത്തനങ്ങൾ തുടരാനോ കഴിയാത്തത് ഈ തരത്തിലുള്ള ഭരണ അധികാരികളുടെ കെടുകാര്യസ്ഥതയാണ്. ഇതുകൊണ്ട് മാത്രമാണ് 2018 ൽ ഈ കാര്യത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഇടതുമുന്നണിയുടെ കമ്മിറ്റിയിൽ ഇങ്ങനെ ഉന്നയിക്കാൻ കാരണം. അതിന് സിപിഎംന്റെ ഭാഗത്തുനിന്ന് തടസ്സം നിന്നതുകൊണ്ടാണ് പല അഴിമതികളും മൂടിവയ്ക്കുന്നതും അഴിമതിക്കാർക്ക് തുടരാൻ ധൈര്യം കിട്ടുന്നത്.
ഇനിയെങ്കിലും ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന സമരം നടത്താതെ അഴിമതിക്കാരെ കൊടിയുടെ നിറം നോക്കാതെ ഒറ്റപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാകണമെന്നും ടി.ഡി സ്റ്റീഫൻ ആവശ്യപ്പെട്ടു.