മലയാറ്റൂർ : മണപ്പാട്ടുചിറയ്ക്കു സമീപം പാണ്ട്യൻചിറയിൽ പറമ്പിൽ കെട്ടിയിരുന്ന കറവപ്പശുവിനെ പുലി കൊന്നു. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ്. ക്ഷീര കർഷകനായ ചേലച്ചുവട് ആപ്പിള്ളി വീട്ടിൽ പാപ്പൂട്ടൻ വളർത്തുന്ന പശുവാണ്. പാണ്ട്യൻചിറ തോടിന്റെ കിഴക്കുഭാഗത്ത് മഞ്ഞപ്ര സ്വദേശി രാജുവിന്റെ തോട്ടത്തിലാണ് സംഭവം. പശുവിനെ രാവിലെ ഇവിടെ കൊണ്ടുവന്ന് കെട്ടിയതാണ്. ഉച്ചസമയത്താണ് പുലി പിടിച്ചിരിക്കുന്നത്.
പകൽ സമയം പുലിയിറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. കാരേക്കാട് ചെക്‌പോസ്റ്റ് പരിസരത്ത് യൂക്കാലി കവലയിൽ കഴിഞ്ഞ ദിവസം മൂരിക്കിടാവിനെ പുലി കൊന്നിരുന്നു. രണ്ടാഴ്ച മുൻപും ഒരു കിടാവിനെ പുലി പിടിച്ചു. ഏതാനും നായ്ക്കളെയും കാണാതായി. നാട്ടുകാർ ആശങ്ക അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് വനംവകുപ്പ് മൂന്ന് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചു വരുകയായിരുന്നു. അതിനിടെയാണ് മറ്റൊരിടത്ത് പുലിസാന്നിധ്യം വ്യക്തമായിരിക്കുന്നത്.



