പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 23 കാരിയായ ആദിവാസി യുവതി 4 വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ദഹാനു മേഖലയിലെ സിസ്‌നെ ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് മദ്യപിച്ചു വഴക്കിടാറുണ്ടെന്നു വീട്ടിൽ ദിവസങ്ങളോളം വരാറില്ലെന്നും കാസ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും പോകാൻ ഒരുങ്ങിയതോട് ഇത് ചോദ്യം ചെയ്ത ഭാര്യയോട് ഇയാൾ ദേഷ്യപ്പെടുകയും മർദ്ധിക്കുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ യുവതി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ മേൽക്കൂരയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.