കാലി: നിർദ്ദിഷ്ട അങ്കമാലി – കുണ്ടന്നൂർ റോഡിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് സിപിഎം അങ്കമാലി ഏരിയാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. അങ്കമാലി മേഖലയിലെ മലയാറ്റൂർ,അയ്യമ്പുഴ,മഞ്ഞപ്ര,മൂക്കന്നൂർ പ്രദേശങ്ങളിൽ നേരിടേണ്ടിവരുന്ന വന്യജീവിആക്രമണങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏറ്റവും മാതൃകാപരമായ രീതിയിൽ സ്ഥലമെടുപ്പ് നടത്തിയ എൻ എച്ച് 66 ന്റെ മാതൃകയിൽ സ്ഥലവിലയും ആനുകൂല്യങ്ങളും കുണ്ടന്നൂർ പാതയ്ക്ക് സ്ഥലം നഷ്ടപ്പെടുന്നസിസ്‌റർക്ക് നൽകണം. വീടൊഴിയേണ്ടിവരുന്നവർക്ക് പുനരധിവാസ പാക്കേജ് ആവിഷ്‌ക്കരിക്കണം. റവന്യു രേഖകളിൽ നിലം എന്ന് രേഖപെടുത്തിയിട്ടുള്ള കരഭൂമിക്ക് നിലവിലുള്ള അവസ്ഥ പരിഗണിച്ച് വില നിശ്ചയിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞു.
മെട്രോ റെയിലിന്റെ അങ്കമാലിവരെയുള്ള പാത സമയബന്ധിതമായി പണി ആരംഭിച്ച് പൂർത്തിയാക്കുക,ബാംബൂ കോർപ്പറേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഈറ്റ – പനമ്പ് തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക,അങ്കമാലി ബൈപാസ് പദ്ധതി നടപ്പാക്കുക,കാലടിയിലെ പാലം നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുക,മാഞ്ഞാലിത്തോട് പുനരുജ്ജീവുപ്പിക്കുക, കാലടിയിലെ ബൈപാസ് നിർമ്മാണത്തിന് പദ്ധതി അനുവദിക്കുക, വല്ലംകടവ് പാലം നിർമ്മാണത്തോടെ വർധിച്ച ഗതാഗതം കണക്കിലെടുത്ത് കാഞ്ഞൂർ – തുറവുംകര – എയർപോർട്ട് റോഡ് വിപുലപ്പെടുത്തി നവീകരിക്കുക,ചെങ്ങൽത്തോട്ടിലെ ജലലഭ്യത ഉറപ്പാക്കി ഇരുകരകളിലെയും ഇറിഗേഷൻ പദ്ധതികൾക്കും കിണറുകളിൽ ജലലഭ്യതയ്ക്കും സൗകര്യമുണ്ടാക്കുക,അങ്കമാലിയിൽനിന്ന് തുറവുംകര – കാഞ്ഞൂർ-വല്ലംകടവ് പാലം വഴി പെരുമ്പാവൂർക്ക് ബസ് സർവീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.
സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി ആയി കെ പി റെജീഷിനെ തെരഞ്ഞെടുത്തു. കാഞ്ഞൂരിൽ നടക്കുന്ന അങ്കമാലി ഏരിയ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 21 അംഗ ഏരിയാ കമ്മിറ്റിയിലേക്ക് 20 പേരേയും തെരഞ്ഞെടുത്തു. ഒരാളെ പിന്നീട് തെരഞ്ഞെടുക്കും.
കമ്മിറ്റി അംഗങ്ങൾ : കെ.പി റെജീഷ്, ടി.ഐ ശശി, ജീമോൻ കുര്യൻ, പി.ജെ വർഗ്ഗീസ്, സി.എൻ മോഹനൻ, ജിഷ ശ്യാം, പി.വി ടോമി, പി.വി മോഹനൻ, കെ.വൈ വർഗ്ഗീസ്, ബിബിൻ വർഗ്ഗീസ്, പി.യു ജോമോൻ, പി.എൻ അനിൽകുമാർ, എം.ടി വർഗ്ഗീസ്, കെ.പി ബിനോയ്, സച്ചിൻ കുരിയാക്കോസ്, ഗ്രേസി ദേവസ്സി, സജി വർഗ്ഗീസ്, പി.അശോകൻ, കെ.എസ് മൈക്കിൾ, പി.സി പൗലോസ്.
തിങ്കളാഴ്ച്ച സമ്മേളനം സമാപിക്കും. സമാപനത്തോടനുബന്ധിച്ച് ബഹുജന റാലിയും റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവും നടക്കും.പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും