
കോതമംഗലം;കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി.കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു. കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്.
അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. പശു ഇന്നലെ 3 മണിയോടെ മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു.
വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.
ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.