കൊരട്ടി: പ്ലസ് ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് യോഗത്തിനിടെ കുഴഞ്ഞ് വീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപികയായ രമ്യാ ജോസാ(41)ണ്ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്. കണക്ക് ടീച്ചറായിരുന്ന രമ്യ യാത്രയയപ്പ് യോഗത്തില്‍ കുട്ടികളോട് സംസാരിച്ചതിന് പിന്നാലെയാണ് കുഴഞ്ഞു വീണത്.
‘അവസാനമായി എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ മാതാപിതാക്കളുടെയും ഗുരുക്കന്‍മാരുടെയും കണ്ണീര്‍ വീഴ്ത്താന്‍ ഇടവരുത്തരുതെന്നാണ്’ എന്ന് പറഞ്ഞതിന് പിന്നാലെ രമ്യ കസേരയിലേക്ക് ഇരുന്നു. തൊട്ടടുത്ത നിമിഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരീക്ഷ കണക്കാക്കിയാണ് പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് നേരത്തെ ക്രമീകരിച്ചത്. അടുത്ത ദിവസം രാവിലെ ഗ്രൂപ്പ് ഫൊട്ടോ എടുക്കാനുണ്ടെന്നും എല്ലാവരും എത്തണമെന്നും രമ്യ ഗ്രൂപ്പില്‍ മെസേജുമയച്ചിരുന്നു. എന്നാലിനി ഗ്രൂപ്പ് ഫൊട്ടോയെടുക്കാന്‍ ടീച്ചറൊപ്പമില്ലെന്ന സങ്കടം കുട്ടികളെ വിട്ടുമാറുന്നില്ല.
കഴിഞ്ഞ വര്‍ഷവും രമ്യ ഇതുപോലെ കുഴഞ്ഞ് വീണിരുന്നു. അന്ന് ആശുപത്രിയിലെത്തിച്ച് ചികില്‍സ ലഭിച്ചതോടെ ആരോഗ്യം വീണ്ടെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.