കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടര്‍ക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. വനിതാ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ടോടെ മുഖ്യപ്രതി അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലാണ്.
മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, തട്ടിപ്പുകേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വനിതാ ഡോക്ടര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. പരിശോധനയ്ക്കായി ഡോക്ടറുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിചെയ്തിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി.
പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47) ആണ് ദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസിയ(30)ക്കും പരിക്കേറ്റു.