കൊച്ചി: എസ്.എന്‍. ജങ്ഷനില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണത്തിന് 7377 കോടി രൂപയാണ് ചെലവായത്.
ബുധനാഴ്ച രാവിലെ 10-ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ 25 സ്റ്റേഷനുകളായി. മെട്രോ പാതയുടെ ആകെ നീളം 28.125 കിലോമീറ്ററായി.