മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ ജോബി ദാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്ന് തൊടുപുഴ ഡിവൈഎസ്പി. ആത്മഹത്യക്ക് കാരണം മാനസിക സമ്മർദ്ദമാണോ എന്നത് അന്വേഷിച്ചാലെ മനസ്സിലാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. വീട്ടിനുള്ളിലാണ് ജോബി ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയാണ് മരിച്ച ജോബി ദാസ്. കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവറായിരുന്നു.
സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് ഡിവൈഎസ്പി പ്രതികരണവുമായി രംഗത്തെത്തിയത്. ഈ ആത്മഹത്യാകുറിപ്പിൽ പ്രധാനമായും രണ്ടു പൊലീസുകാരുടെ പേരാണ് പരാമർശിച്ചിട്ടുള്ളത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കൂടാതെ മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാരാണെന്നും കുറിപ്പിലുണ്ട്. ബോധപൂര്‍വ്വം ഇന്‍ക്രിമെന്‍റ് തടഞ്ഞുവെന്നാണ് കുറിപ്പിലുള്ള പ്രധാന ആരോപണം.
അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാർ കുറേകാലമായി മാനസിക സംഘർഷമുണ്ടാക്കുന്നു. പതിനാറോളം ഇൻക്രിമെന്റുകൾ തടഞ്ഞുവെച്ച സാഹചര്യമുണ്ടായി. അതു കൊണ്ട് തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവുന്നില്ല. ഇവർ എൻ്റെ ബോഡി കാണാൻ വരരുത്. അഴിമതി നടത്തുന്നവർക്കും കവർച്ച നടത്തുന്നവർക്കും ഇൻക്രിമെന്റ് ഉണ്ട്. ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇൻക്രിമെന്റ് തടഞ്ഞുവെക്കുകയാണെന്നും ജീവൻ അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം ഇപ്പോൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.