മുനമ്പം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. നായരമ്പലം നെടുങ്ങാട് ഗോസായി വീട്ടിൽ ഷിജു (41) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കുഴുപ്പുള്ളി സർവ്വീസ് സഹകരണ ബാങ്കിന്‍റെ ചെറുവൈപ്പ് ഹെഡ് ഓഫീസിലും, പള്ളത്താംകുളങ്ങര ബ്രാഞ്ചിലുമായി ഇരുപത്തിനാല് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഏഴു ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപയാണ് തട്ടിയത്.
നാല് മാസത്തിനിടയിൽ പല തവണകളായിട്ടാണ് പണയം വച്ചിട്ടുള്ളത്. നോർത്ത് പറവൂരിലെ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ നിന്നാണ് ഇയാൾ പണയം വയ്ക്കുന്നതിനുള്ള 24 വളകൾ വാങ്ങിയത്. എസ് ഐമാരായ എം.അനീഷ്, റ്റി.കെ.രാജീവ്, എ എസ് ഐ ബിന്ദു, എസ് സി പി ഒ കെ.ആർ.സുധീശൻ, സി പി ഒ ആൻറണി അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.