കുറുപ്പംപടി: പണം വാങ്ങി വഞ്ചിച്ച കേസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽ വീട്ടിൽ ലിബിന ബേബി (30)യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത് ഓടക്കാലി സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്. ദേശസാൽകൃത ബാങ്കിൽ സ്വർണ്ണം പണയം വച്ചിരിക്കുകയാന്നെന്നും അതെടുക്കാൻ സഹായിച്ചാൽ സ്വർണ്ണം ഓടക്കാലി സ്വദേശിയ്ക്ക് വിൽകാമെന്നും യുവതി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ നൽകിയത്. പണം കിട്ടിയതിനെ തുടർന്ന് ലിബിന ബാങ്കിലെത്തി നാലായിരം രൂപ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. 4 ലക്ഷം രൂപ ബാങ്കിൽ കൊടുത്തെന്നും,
ആധാറിന്‍റെ ഒർജിനലുണ്ടെങ്കിലേ സ്വർണ്ണം തിരിച്ചെടുക്കാൻ കഴിയൂവെന്നും പറഞ്ഞ് യുവതി ബാങ്കിൽ നിന്നും മുങ്ങി. പിന്നീടുള്ള പരിശോധനയിൽ ബാങ്കിൽ ഇവർ സ്വർണ്ണം പണയം വച്ചിട്ടില്ലെന്ന് മനസിലായി. ഈ കേസിൽ ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിലാണ് മറ്റൊരു തട്ടിപ്പു തെളിഞ്ഞത്. ഓടക്കാലിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ലിബിന തട്ടിയെടുത്തിരിക്കുന്നതായി തെളിഞ്ഞത്. ഏഴ് പ്രാവശ്യമായിട്ടാണ് 42 ഗ്രാമിലേറെ മുക്കുപണ്ടങ്ങൾ പണയം വച്ചിട്ടുളളത്. സ്ഥാപനത്തിന്‍റെ വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്. പോലീസ് ധനകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തി അന്വേഷണം വ്യാപിപ്പിച്ചു.
കുറുപ്പംപടി ഇൻസ്പെക്ടർ ഹണി.കെ.ദാസ്, സബ് ഇൻസ്പെക്ടർമാരായ ടി.ബിജു, എം.ആർ.ശ്രീകുമാർ, സീനിയർ സി.പി.ഒ മാരായ സുനിൽ.കെ.ഉസ്മാൻ, എൻ.പി.ബിന്ദു, എം.ബി.സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.