കൊച്ചി : തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പ്രഥമ ചാവറ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിൽ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് ചാവറ മാധ്യമ പുരസ്‌കാരം പ്രഫ. എം.കെ. സാനുവിൽ നിന്നു ഏറ്റുവാങ്ങി. പരിസ്ഥിതി, മലയോര മേഖലകളിലെ വിവിധ വിഷയങ്ങൾ ഉള്ളടക്കമാക്കി ദീപികയിൽ പ്രസിദ്ധീകരിച്ച “കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ” എന്ന അന്വേഷണ പരമ്പരയ്ക്കാണ് പുരസ്‌കാരം. മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ നൽകി.
കോളജ് ഹാളിൽ നടന്ന സമ്മേളനത്തിൽ ടി. ജെ. വിനോദ് എംഎൽഎ, കോളജ് മാനേജർ ഫാ. വർഗീസ് കാച്ചപ്പള്ളി, പ്രിൻസിപ്പൽ ഫാ. ജോസ് ജോൺ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. ദൃശ്യ, അച്ചടി, റേഡിയോ വിഭാഗങ്ങളിലെ വിവിധ പുരസ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. കോളജിന്‍റെ മീഡിയ കാമ്പസായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസമാണ് ചാവറ മാധ്യമ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.