കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും ആണ് കേസ്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം
കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മൂവരും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. നടന്മാർക്ക് മൂവർക്കും നേരിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്.
വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളിലും കാർ തട്ടി. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. മുന്നോട്ട് നീങ്ങിയ കാർ ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.
18 പ്ലസ് എന്ന സിനിമയ്ക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചിത്രമാണ് ‘ബ്രൊമാൻസ്’. മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. കലാഭവൻ ഷാജോൺ , ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അർജുൻ അശോകന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം ‘ഭ്രമയുഗം’ ആയിരുന്നു. മമ്മൂട്ടി നായകനായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്.