നെടുമ്പാശ്ശേരി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ഹെലി ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഹെലി ടൂറിസത്തിൻറെ ആദ്യ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമിട്ടു.
രാജ്യത്താദ്യമായി ഹെലി ടൂറിസം നയം സംസ്ഥാന സർക്കാർ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഹെലി ടൂറിസം സംബന്ധിച്ച സർക്കാരിൻറെ സമഗ്ര കാഴ്ചപ്പാട് ഇതിലൂടെ മുന്നോട്ടു വയ്ക്കാനാകും. ഈ മേഖലയിൽ സ്വകാര്യ നിക്ഷേപം വലിയ തോതിൽ ആകർഷിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുരവഞ്ചികൾക്കും കാരവാൻ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുത്തൻ ഉത്പന്നമാണ് ഹെലി ടൂറിസം. ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റും മന്ത്രി പുറത്തിറക്കി. വിവിധ ഹെലി ഓപ്പറേറ്റർമാർ നൽകുന്ന പാക്കേജുകൾ, ട്രിപ്പുകളുടെ വിവരം, ബുക്കിംഗ് മുതലായവ ഇതിലൂടെ നടത്താൻ സാധിക്കും. വിദേശ-ആഭ്യന്തര സഞ്ചാരികൾക്ക് സംസ്ഥാനത്തിൻറെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സമയം നഷ്ടപ്പെടാതെ കാണിക്കുക എന്ന കാഴ്ചപ്പാടാണ് ടൂറിസം വകുപ്പിനുള്ളത്. കേരളത്തിൻറെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. സഞ്ചാരികൾക്ക് എല്ലായിടത്തും എത്തിച്ചേരാൻ സാധിക്കുന്നില്ല. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഹെലി ടൂറിസമെന്നും മന്ത്രി പറഞ്ഞു.
ഡോ. ജോഷി വർഗീസ്, സിമി വർഗീസ്, ആൻറണി, രശ്മി ആൻറണി എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും കേരളത്തിൻറെ തനത് വ്യത്യസ്തമായ കാഴ്ചകൾ ആസ്വദിക്കാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും. വിനോദ സഞ്ചാരികളുടെ മാറുന്ന അഭിരുചികൾക്ക് അനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങൾ കൊണ്ട് വരിക എന്നതാണ് വകുപ്പിൻറെ നയം. സുപ്രധാന ടൂറിസം കേന്ദ്രങ്ങൾക്കടുത്ത് നിലവിലുള്ള ഹെലിപാഡുകൾ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
വ്യത്യസ്ത മേഖലകളിൽ ഹെലിപാഡുകൾ ഒരുക്കുന്ന രീതി അടുത്തിടെ വ്യാപകമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ഹെലി ടൂറിസം നടപ്പാക്കുന്നത്. ഈ മേഖലയിലെ ഓപ്പറേറ്റർമാരുമായി വിവിധ ഘട്ടങ്ങളിലായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയ ശേഷമാണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്. ഇതിൻറെ ഫലമായി ആദ്യ ഘട്ടത്തിൽ നിലവിൽ പ്രവർത്തന സജ്ജമായ ഹെലിപാഡുകൾ കോർത്തിണക്കി കൊണ്ടുള്ള സർവീസുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
സുരക്ഷാമാനദണ്ഡങ്ങളുടെ പാലനം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അംഗീകാരം, യാത്രക്കാരുടെ സുരക്ഷിതത്വം, തുടങ്ങിയവയുടെ പൂർണ ഉത്തരവാദിത്തം സർവീസ് നടത്തുന്ന ഏജൻസികൾക്കായിരിക്കും. സേവനദാതാക്കൾക്ക് ഉപഭോക്താക്കളിലേക്കെത്തുവാനുള്ള ഫെസിലിറ്റെറ്റർ ആയി ടൂറിസം വകുപ്പ് പ്രവർത്തിക്കും. ഇതിൻറെ ഭാഗമായി ഇതിനായി ഓപ്പറേറ്റർമാർ ധാരണാപത്രത്തിൽ ഒപ്പു വയ്ക്കണം. സ്ഥാനത്തിൻറെ തെക്കും വടക്കുമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള പ്രത്യേക പാക്കേജുകൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.സഞ്ചാരികളുടെ പ്രതികരണവും മറ്റ് സാങ്കേതികഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പുതിയ ഹെലിപാഡുകൾ ഒരുക്കുന്നതും പരിഗണനയിലാണ്.
കെടിഐഎൽ(കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചെയർമാൻ എസ് കെ സജീഷ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, കേരള ടൂറിസം ഡയറക്ടർ പി ബി നൂഹ്, അഡി. ഡയറക്ടർ എസ് പ്രേംകൃഷ്ണൻ, ജില്ലാകളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.