ബംഗളൂരു: കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ 2 വയസുകാരനെ രക്ഷപെടുത്തി. നീണ്ട 18 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് 20 അടി താഴ്ചയിൽനിന്ന് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന ലചായൻ ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി കുഴൽ കിണറിൽ വീണതെന്നാണ് നിഗമനം. വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറിൽ വീണതാവാമെന്നാണ് പൊലീസ് കരുതുന്നത്. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. തുടർന്ന് വൈകുന്നേരം 6.30ഓടെ രക്ഷാപ്രവർത്തനം തുടങ്ങി.
പൊലീസ്, റവന്യൂ വകുപ്പ്, താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് തുടങ്ങിയവയിൽ നിന്നുള്ള സംഘങ്ങളെല്ലാം സ്ഥലത്തു സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയില്‍ കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിക്ക് അരികില്‍ എത്തിയത്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.