കണ്ണൂർ : കണ്ണൂരിൽ റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ. മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തതെന്നിരിക്കെ, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് ഒരു ബാരിക്കേഡ് വച്ചിരിക്കുകയാണ് പൊലീസ്.
പൂവം സെന്‍റ് മേരീസ് കോൺവെന്‍റിലെ മദർ സുപ്പീരിയറായിരുന്നു സിസ്റ്റർ സൗമ്യ. തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോൺവെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോൺവെന്‍റും സ്കൂളുമുളള ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനില്ല, മുന്നറിയിപ്പ് ബോർഡുകളുമില്ല.
കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂൾ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പ് പരാതി നൽകിയതാണ്. നടപടിയാകും മുൻപ് അതേ സ്ഥലത്ത് അവരുടെ ജീവൻ പൊലിഞ്ഞതിന്റെ വേദനയിലാണ് നാടാകെ. സിസ്റ്ററുടെ മരണശേഷം പൊലീസിന് ബാരിക്കേഡ് വെക്കാൻ നേരമുണ്ടായി. ഇതിനോടകം നാല് പേർ വാഹനാപകടത്തിൽ മരിച്ച സ്ഥലത്ത് നിരീക്ഷണ ക്യാമറ വേണമെന്നുളള ആവശ്യവും ശക്തമാണ്.