തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ടു. കുടക്കളത്തെ അയനിയാട്ട് വേലായുധൻ (85) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽ നിന്ന് കിട്ടിയ പാത്രം ബോംബാണെന്ന് തിരിച്ചറിയാതെ വീടിന്റെ വരാന്തയിലെ സിമന്റിട്ട പടിയിൽ തട്ടിത്തുറക്കാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്തുനിന്ന് സിമന്റ് അടർന്ന് തെറിച്ചു പോയിട്ടുണ്ട്. വേലായുധന്റെ കൈപ്പത്തിയും പൂർണമായും തകർന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് പറഞ്ഞു. വേലായുധന്റെ ഇരുകൈകളും ചിന്നിച്ചിതറി. ബോംബ് പറമ്പിൽ സൂക്ഷിച്ചതോ, ഉപേക്ഷിച്ചതോ ആകാമെന്നും കൂടുതൽ പരിശോധന നടത്തുമെന്നും ഡിഐജി പറഞ്ഞു.എരഞ്ഞോളി പഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്നതിനിടെ ആയിരുന്നു സ്ഫോടനശബ്ദം കേട്ടത്. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉടൻ ഓടിയെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുവും തലശേരി സഹകരണ ആശുപത്രി ജീവനക്കാരനും ചേർന്നാണ് വേലായുധനെ ആശുപത്രിയിൽ കൊണ്ടുപോയത്.
സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ ബോംബുകൾ ഉണ്ടോയെന്നതുൾപ്പെടെയുള്ള പരിശോധനയാണ് നടന്നത്. 1960 കാലഘട്ടത്തിൽ കെഎസ് യു സംസ്ഥാന സെക്രട്ടറിയായിരുന്ന വി. മോഹൻദാസിന്റെ തറവാട് വളപ്പിലാണ് സ്ഫോടനമുണ്ടായത്. വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വീടാണ്. പതിവായി ഈ പറമ്പിലെത്തി വേലായുധൻ തേങ്ങ പെറുക്കുകയും വിറക് ശേഖരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഭാര്യ: പരേതയായ ഇന്ദ്രാണി. മക്കൾ: ജ്യോതി, ഹരീഷ്, മല്ലിക.