കാലടി:നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ പ്രശസ്ത നാടൻ പാട്ട് സംഘമായ കാഞ്ഞൂർ നാട്ടുപൊലിമയുടെ ഇരുപത്തിയൊന്നാം വാർഷികവും പതിനൊന്നാമത് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ് സമർപ്പണവും ഞായറാഴ്ച കാഞ്ഞൂരിൽ നടക്കും. തിമിർപ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടി ഞായറാഴ്ച വൈകിട്ട് 3 മുതൽ കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സിനിമ രംഗത്തെ നിരവധി പ്രഗൽഭരും പങ്കെടുക്കും. ബിഗ് ബോസ് സീസൺ 6 വിജയി ജിന്റോ മുഖ്യ അതിഥിയാകും. സിനിമ താരങ്ങളായ മനോജ് ഗിന്നസ്, ആര്യ സലിം, തങ്കം മോഹൻ, മന്ദാകിനി സംവിധായകൻ വിനോദ് ലീല തുടങ്ങിയവരും വാർഷികത്തിന്റെ ഭാഗമാകും.
3 മുതൽ നാട്ടുകലാകാരകൂട്ടം എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നാടോടി സംഗീതത്തിന്റെ പ്രാദേശിക വൈവിധ്യങ്ങൾ എന്ന വിഷയത്തിൽ നാട്ടറിവ് ശില്പശാലയും നടക്കും.വൈകിട്ട് ആറ് മണിക്ക് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും. ഗോത്ര കലയായ മലപ്പുലയാട്ടം, ഓണം കളിപ്പാട്ടുകൾ, വട്ടമുടിയാട്ടം തുടങ്ങി നിരവധി പരിപാടികളും സിനിമ പിന്നണി ഗായകരായ പ്രണവം ശശി, മണികണ്ഠൻ പെരുമ്പടപ്പ്, മത്തായി സുനിൽ, രമേഷ് കരിന്തലക്കൂട്ടം തുടങ്ങിയവർ നയിക്കുന്ന പാട്ട് രാവും വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കും.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള നാടൻപാട്ട് കലാകാരന്മാർ പങ്കെടുക്കുമെന്നും സംഘാടക സമിതി ചെയർമാൻ ലൈജു ഈട്ടുങ്ങപടിയും ജനറൽ കൺവീനർ പ്രശാന്ത് പങ്കനും പറഞ്ഞു.
മൺമറഞ്ഞുപോയ കലാകാരൻ അമ്പാടിയുടെ ഓർമ്മയ്ക്കായി നാട്ടുപൊലിമ നൽകിവരുന്ന പതിനൊന്നാമത് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ് ഇടുക്കി ജില്ലയിലെ മലപ്പുലയാട്ടം കലാകാരൻ ജഗദീശൻ മറയൂരിന് നൽകും. രണ്ടാമത് നാട്ടുകല പുരസ്കാരം ഓണം കളി പാട്ട് മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വിനോദ് നെല്ലായിക്ക് സമർപ്പിക്കും. ഇ കെ ബിനു ഓർമ്മ പുരസ്കാരം നാടക സിനിമ പ്രവർത്തകൻ ശ്രീമൂലനഗരം പൊന്നന് നൽകി ആദരിക്കും. നാടൻ കലാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി കലാകാരന്മാരെയും സിനിമ സംവിധായകനായ സലിം ബാബ,മാധ്യമപ്രവർത്തകരായ സിജോ പൈനാടത്ത്, പ്രശാന്ത് പാറപ്പുറം, പരസ്യ സംവിധായകൻ സുനിൽ പാറപ്പുറം, ജൂഡോ റഫറി രാജേഷ് ജെ ആർ, യുവകർഷകൻ റോബർട്ട് തുടങ്ങിയവരെയും ആദരിക്കും.കൂടുതൽ വിവരങ്ങൾക്ക് 9747555876, 9645084830 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.