
കാലടി: വിശ്വാസസാഗരത്തിൽ ആറാടി കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു. ഉച്ചയ്ക്ക് അങ്ങാടി പ്രദക്ഷിണവും വൈകിട്ട് പള്ളി ചുറ്റി സമാപന പ്രദക്ഷിണവും നടത്തി. പ്രദക്ഷിണത്തിന്റെ മുന്നിൽ ഉണ്ണീശോയുടെ രൂപവും പിന്നിലായി വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ മാതാവിന്റെയും രൂപങ്ങൾക്കു നടുവിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപവും അണി നിരന്നു.
പോളണ്ടിൽ നിന്നു കൊണ്ടുവന്നു സ്ഥാപിച്ചിട്ടുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പ്രദക്ഷിണത്തിനു പുറത്തിറക്കാറില്ല. വൈകിട്ട് 6.30നു പുറത്തിറങ്ങിയ പള്ളി ചുറ്റി സമാപന പ്രദക്ഷിണവും പൂർത്തിയാകാൻ 3 മണിക്കൂറെടുത്തു. ഈ പ്രദക്ഷിണത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം മാത്രമേയുള്ളു.
നൂറുകണക്കിനു പൊൻ, വെള്ളി കുരിശുകളും കണ്ണഞ്ചിപ്പിക്കുന്ന നാനാ വർണ മുത്തുക്കുടകളും പ്രദക്ഷിണങ്ങളിൽ അണിനിരന്നു. പ്രദക്ഷിണങ്ങൾ പുറത്തിറങ്ങിയപ്പോഴും തിരികെ കയറിയപ്പോഴും കൂട്ടമണി മുഴങ്ങി. തിരുനാളിന്റെ ഭാഗമായി ആഘോഷമായ പാട്ടുകുർബാന, പ്രസംഗം, ലത്തീൻ റീത്തിൽ കുർബാന എന്നിവയുണ്ടായിരുന്നു. ഇന്നു രാവിലെയും വൈകിട്ടു തുടർച്ചയായ കുർബാനയുണ്ടാകും. രാത്രി 9നു രൂപം എടുത്തുവയ്ക്കും. 26, 27 തീയതികളിലാണ് എട്ടാമിടം.