കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ നടക്കുന്നത്.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. തിരുനാൾ ദിവസങ്ങളിൽ ക്രമസമാധാനച്ചുമതലക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ഹോംഗാർഡ് ഉൾപ്പടെയുള്ളവരുടെ സേവനം ഇതിനായി വിനിയോഗിക്കും. പള്ളിയുടെ സമീപ പ്രദേശങ്ങളിൽ പാർക്കിങ്ങ് നിരോധിക്കുകയും കൂടുതൽ പാർക്കിങ്ങ് ഗ്രൗണ്ടുകൾ സജ്ജമാക്കുകയും ചെയ്യും. എക്സൈസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പള്ളിയോട് ചേർന്ന് കൺട്രോൾ റൂം പ്രവർത്തിക്കും. വിവിധ റേഞ്ച് ഓഫീസുകളുടെയും സ്‌ക്വാഡുകളുടെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തും.
വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ വൈദ്യുത വകുപ്പിന് നിർദേശം നൽകി. തിരുനാൾ ദിനങ്ങളിൽ പള്ളിയിലേക്കെത്തുന്നതിനാവശ്യമായ കെ.എസ്.ആർ.ടി.സി ബസുകൾ ആലുവ, അങ്കമാലി, പെരുമ്പാവൂർ ഡിപ്പോകളിൽ നിന്ന് ഏർപ്പെടുത്തും. സ്വകാര്യ ബസുകൾക്ക് താത്കാലിക പെർമിറ്റും നൽകും.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. കുടിവെള്ളം പരിശോധിക്കുന്നതിനായി മൊബൈൽ ലാബും പ്രവർത്തിക്കും. ഭക്ഷ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയായി ഗതാഗതം സുഗമമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. തിരുനാൾ ദിവസങ്ങളിൽ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും.
പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും തിരുനാൾ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.
ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ,പെരുമ്പാവൂർ എ.എസ്.പി ജുവനാപ്പുടി മഹേഷ്, എ.എസ്.പി ബിജുമോൻ, പള്ളി വികാരി ഫാ. ജോസഫ് കണിയാം പറമ്പിൽ, തിരുനാൾ ജനറൽ കൺവീനർ, ജോയി ഇടശേരി, ജോയിന്റ് കൺവീനർ സുനിൽ കൂട്ടുങ്ങൽ, സെക്രട്ടറി ജോണി വല്ലൂരാൻ, ജോയിന്റ് സെക്രട്ടറി ആന്റു കോട്ടക്കൽ, ട്രഷറർ ഡേവിസ് മഞളി, കൈക്കാരൻമാരായ ഡേവീസ് അയ്‌നാടൻ, ബാബു അവൂക്കാരൻ, ആലുവ തഹസിൽദാർ സുനിൽ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.