കാഞ്ഞൂർ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം നടത്തുന്ന മംഗല്യം സമൂഹവിവാഹ പദ്ധതിയിലേക്ക് സാമ്പത്തിക സഹായവുമായി കാഞ്ഞൂരിലെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ദുബായ്. കാഞ്ഞൂർ തിരുനാളിനോടനുബന്ധിച്ച് 17 ന് രാവിലെ 9.15 ന് പളളിയുടെ തിരുനടയിൽ വച്ച് ഫ്രണ്ട്‌സ് ഓഫ് ദുബായ് ഭാരവാഹികൾ ക്ഷേത്രം ഭാരവാഹികൾക്ക് ചെക്ക് കൈമാറും,
വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാളിനോടനുമ്പത്തിച്ചു നടത്തുന്ന ടൗൺ കപ്പേള നൊവേനയിൽ 2010 ൽ പ്രസുദേന്തിയായി തുടക്കംകുറിച്ച സംഘടനയാണ് ഫ്രണ്ട്‌സ് ഓഫ് ദുബായ്. ആഘോഷങ്ങളോടൊപ്പം കാഞ്ഞൂരിലെയും പരിസരപ്രദേശങ്ങളിലുമുള്ള നിർധനരായ അർഹതയുള്ളവർക്കു സാമ്പത്തിക സഹായം നൽകികൊണ്ട് നൊവേനയോടൊപ്പം ചാരിറ്റിയും ഫ്രണ്ട്‌സ് ഓഫ് ദുബായ് നടപ്പാക്കി. കഴിഞ്ഞ പതിനാലു വർഷകാലം തുടർച്ചയായി നൊവേന നടത്തുകയും അർഹതയുള്ളവർക്കു സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. നാളിതുവരെ 50 ലക്ഷം രൂപ സഹായധനമായി നൽകി. 2016ൽ വിധവയായ കാഞ്ഞൂരിലെ വീട്ടമ്മക്ക് ഒരു ഭവനം നിർമ്മിച്ച് നൽകുകയും, 2022- ൽ കാഞ്ഞൂർ സെന്റ്. സെബാസ്‌ററ്യൻസ് ഹൈസ്‌കൂളിന് ഒരു സ്‌കൂൾ ബസ് സംഭാവനയായി നൽകുകയും ചെയ്തു.
തിരുവൈരാണിക്കുളം ക്ഷേത്രം 2013 ൽ ആരംഭിച്ച സമൂഹവിവാഹ പദ്ധതി പ്രകാരം ഇതുവരെ 114 യുവതികൾക്കാണ് മംഗല്യഭാഗ്യം ലഭിച്ചത്. ഒരു യുവതിയുടെ വിവാഹത്തിന് രണ്ടര ലക്ഷം രൂപയാണ് ക്ഷേത്ര ട്രസ്റ്റ് ചിലവാക്കുന്നത്, വധുവിനുളള സ്വർണവും, വധുവിനും വരനുമുളള വസ്ത്രവും, സദ്യയും ഇതിൽ പെടും. ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ട്രസ്റ്റിന്റെ മംഗല്യ നിധിയിൽ ലഭിക്കുന്ന സംഭാവനയുമാണ് ഇതിന് ഉപയോഗിക്കുന്നത്. കൂടാതെ ഉത്സവങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കിയും പണം കണ്ടെത്തുന്നു.