കാഞ്ഞൂർ: കാഞ്ഞൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് തുറക്കണമെങ്കിൽ എ,ഐ ഗ്രൂപ്പുകൾ ഒന്നിക്കണം. ഇരു ഗ്രൂപ്പുകാരും ഓഫീസിന്റെ ഷട്ടർ രണ്ട് താക്കോലിട്ട് പൂട്ടിയിരിക്കുകയാണ്. കാഞ്ഞൂരിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിലുളള പോര് തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ മണ്ഡലം പ്രസിഡന്റായി സി.കെ ഡേവീസ് ചൂതലയേറ്റത്. എന്നാൽ മണ്ഡലം കമ്മറ്റിയുടെ മിനിറ്റ്‌സ് ബുക്കും, ഓഫീസിന്റെ താക്കോലും കൈമാറിയിരുന്നില്ല.
ചുമതലയേറ്റശേഷം ഡേവീസ് ഓഫീസിലെത്തിയപ്പോൾ ഓഫീസ് തുറന്ന് കിടക്കുകയായിരുന്നു. താഴ് ഉണ്ടായിരുന്നില്ല. ഡേവീസ് പുതിയ താഴിടുകയായിരുന്നു. ഇന്നലെ ഓഫീസ് തുറക്കാനെത്തിയപ്പോൾ ഷട്ടറിന്റെ ഒരു താഴ് മറ്റൊരു താക്കോലിട്ട് പൂട്ടിയിരിക്കുന്നത് കണ്ടു. ഗ്രൂപ്പ് തർക്കമാണ് ഷട്ടറിന് രണ്ട് താഴ് വരാൻ കാരണവും. സമവായ ചർച്ചയെ തുടർന്ന് ഒരു വിഭാഗത്തിന്റെ താഴ് മാറ്റിയാണ് ഓഫീസ് തുറന്നത്.
ഇന്ന് രാവിലെയും ഡേവീസ് ഓഫീസ് തുറക്കാനെത്തിയപ്പോഴും ഷട്ടറിൽ രണ്ട് താഴ് ഉണ്ടായിരുന്നു. ഒന്ന് ഡേവീസ് ഇട്ട താഴും മറ്റെത് ഇന്നലെ മാറ്റിയ താഴും. കാഞ്ഞൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്റെ കൈവശമായിരുന്നു. ഇത് ഐ ഗ്രൂപ്പ് പിടിച്ചടക്കുകയായിരുന്നു.