കാഞ്ഞൂർ: കാഞ്ഞൂർ-വല്ലംകടവ് റോഡിൽ പുതിയേടം കവലയിലെ മാലിന്യകൂമ്പാരം വൻ ഭീഷണി ഉയർത്തുന്നു. പകർവ്യാധികൾ പടർന്ന് പിടിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വഴിയരികിലുള്ള ഒഴിഞ്ഞ പറമ്പിലാണു മാലിന്യം കൊണ്ടു തള്ളുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം ഇക്കൂട്ടത്തിലുണ്ട്. അസഹ്യമായ ദുർഗന്ധമാണു പരിസരത്ത് അനുഭവപ്പെടുന്നത്. പരിസരത്ത് അനേകം കച്ചവട സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻഡും, ബസ് സ്റ്റോപ്പും ഉണ്ട്. പുതിയേടം ശ്രീകൃഷ്ണ ക്ഷേത്രവും അടുത്തു തന്നെ. എല്ലാവരും മാലിന്യം കാരണം ബുദ്ധിമുട്ടുന്നു.
മാലിന്യം മൂല്ലം കൊതുകുകളും ഈച്ചകളും ഇവിടെ പെരുകുന്നു. ഇത് ആരോഗ്യ പ്രശ്‌നനങ്ങൾക്കും വഴിവച്ചേക്കാം. കവലയിൽ തന്നെയുള്ള മാലിന്യ കൂമ്പാരത്തിനെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. 4 റോഡുകൾ വന്നു ചേരുന്ന കവലയാണിത്. കാഞ്ഞൂർ ഫൊറോന പള്ളി, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നതും ഇതിലെയാണ്. മാസങ്ങളായി ഇവിടെ മാലിന്യം തളളുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി എടുക്കുന്നത് ഉൾപ്പെടെയുള്ള പരിഹാര മാർഗം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.