കാലടി: ദേശം വല്ലം കടവ് റോഡിന്റെ പുതുക്കിയ നിലവാരത്തിലുള്ള ടാറിങ്ങിന് ശേഷം ഈ റോഡിന്റെ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ സംബന്ധിച്ചും, വാഹനങ്ങളുടെ പാർക്കിംഗ് അപര്യാപ്തതകളെ സംബന്ധിച്ചും, അനുബന്ധ റോഡുകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യുന്നതിനും വേണ്ടി കാഞ്ഞൂരിൽ റോഡ് അടിയന്തരമായി ട്രാഫിക് കമ്മിറ്റി ചേർന്നു.
ദിവസേന ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. ദേശം വല്ലം കടവ് റോഡിലേക്ക് നേരിട്ട് തുറന്നിട്ടുള്ള പഞ്ചായത്ത് റോഡുകളിൽ ശ്രീമൂലനഗരം ശാന്തിനഗർ മുതൽ വല്ലം കടവ് വരെയുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും, കൂടുതൽ വേഗതയിൽ വാഹനങ്ങൾ കടന്നു വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വേഗത കുറക്കുന്നതിന് ആവശ്യമായ ഹമ്പുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. റോഡിൻറെ ഭൂമിശാസ്ത്രപരമായ അവസ്ഥ അനുസരിച്ച് കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷാ സംവിധാനങ്ങളും, വേഗത നിയന്ത്രണ ബോർഡുകളും റോഡ് സേഫ്റ്റിയുടെ ഭാഗമായി ഒരുക്കും.
വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും അപകടരഹിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനുവേണ്ടി പ്രധാന പ്രദേശങ്ങളിലെല്ലാം സീബ്ര ലൈനുകൾ വരയ്ക്കുവാനും, ദേശം വല്ലം കടവ് റോഡിന് വശങ്ങളിലായി ഇനിയും കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിക്കാനുള്ള ഇടങ്ങളിൽ അടിയന്തരമായി അത് പൂർത്തീകരിക്കുവാനും പിഡബ്ല്യുഡി വകുപ്പിനോട് ആവശ്യപ്പെടും. ഏറ്റവും കൂടുതൽ യാത്രാ തടസ്സം അനുഭവപ്പെടുന്ന തെക്കേ അങ്ങാടി ജംഗ്ഷനിൽ പോലീസിന്റെയോ, ഹോം ഗാർഡിന്റെയോ സേവനം ഉറപ്പുവരുത്തും. തെക്കേ അങ്ങാടി പുതിയേടം മേഖലയോട് അനുബന്ധിച്ചുള്ള തെരുവ് കച്ചവടങ്ങൾ പരിപൂർണ്ണമായി ഒഴിപ്പിക്കും. ബസാർ റോഡിൽ തെക്കേ അങ്ങാടി ജംഗ്ഷനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗുഡ്‌സ് വാഹനങ്ങളും മറ്റും സൗകര്യപ്രദമായ മറ്റൊരു ഇടത്തേക്ക് മാറ്റും.
അലക്ഷ്യമായും, മദ്യപിച്ചും വാഹനം ഓടിക്കുന്നവരിലുള്ള പരിശോധന പോലീസ് കർശനമാക്കും. ജലജീവൻ പദ്ധതിയുടെ ഭാഗമായി തകർന്ന കാഞ്ഞൂർ ബസാർ റോഡിൻറെ റീടാറിങ് പ്രവർത്തികൾ ഈ മാസം തന്നെ പൂർത്തിയാക്കും. തെക്കേ അങ്ങാടി ജംഗ്ഷനിലെ അനധികൃത പാർക്കിങ്ങുകൾ കണ്ടെത്തുന്നതിനായി പോർട്ടബിൾ ക്യാമറ സ്ഥാപിക്കും.
കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ബിജു അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻറ് സിമി ടിജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത ബാബു, കെ വി പോളച്ചൻ, പ്രിയ രഘു, അംഗങ്ങളായ കെ എൻ കൃഷ്ണകുമാർ, ടി എൻ ഷണ്മുഖൻ, ഗ്രേസി ദയാനന്ദൻ, എം വി സത്യൻ, ചന്ദ്രപതി രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ആർ ടി ഒ, പിഡബ്ല്യുഡി, പോലീസ് പ്രതിനിധികൾ , പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.