കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്തിലെ വാര്യട്ടുപുരം കോഴിക്കാടൻ പടി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ കൈയ്ക്ക് പൊട്ടൽ. വീട്ടമ്മയുടെ വിദേശയാത്ര മുടങ്ങി. വാര്യാട്ടുപുരം ക്ഷേത്രത്തിന് എതിർ വശത്തുള്ള റോഡിലെ കുഴിയിലാണ് വീണത്. തിങ്കളാഴ്ച്ച രാവിലെയാണ് സ്കൂട്ടറിൽ വരികയായിരുന്ന വീട്ടമ്മ റോഡിലെ വൻ കുഴിയിൽ വീഴുന്നത്. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്തയാഴ്ച്ച വിദേശത്തുള്ള മകളുടെ അടുത്ത് പോകാനിരുന്നതായിരുന്നു വീട്ടമ്മ. കൈയ്ക്ക് പൊട്ടൽ സംഭവിച്ചതോടെ യാത്രയും മുടങ്ങി.
വൻ അപകട കെണിയാണ് ഇവിടെ. കുത്തനെയുള്ള ഇറക്കത്തിന് സമീപത്ത് തന്നെയാണ് കുഴിയും. കുഴി യാത്രക്കാർക്ക് കാണാനും കഴിയില്ല. ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. തിരുവൈരാണിക്കുളം, ശ്രീമൂലനഗരം ഭാഗങ്ങളിൽ നിന്നും, കാഞ്ഞൂർ ഭാഗങ്ങളിൽ നിന്നും വരുന്നവർ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. പുല്ല് വളർന്ന് കുഴി കാണാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇവിടുത്തെ അപകട കുഴിയെക്കുറിച്ച് നാട്ടുകാർ പല തവണ അധികൃതർക്ക് പരാതി നൽകിയതാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപകടക്കുഴിയെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകളെങ്കിലും സ്ഥാപിക്കണമെന്നണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.