കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനം പോളച്ചൻ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്കാണ് രാജിക്കത്ത് നൽകിയത്. പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് ശേഷമാണ് രാജി. യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. മന്നാം വാർഡ് മെമ്പറാണ്. കോൺഗ്രസ് പ്രതിനിധിയായാണ് മത്‌സരിച്ചത്. കോൺഗ്രസിൽ ആലോചിക്കാതെയായിരുന്നു പോളച്ചന്റെ രാജി. രാജി നൽകിയതിന് ശേഷമാണ് പാർട്ടി രാജിക്കാര്യം അറിയുന്നതും.
കോൺഗ്രസിലെ ധാരണ പ്രകാരം പഞ്ചയത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ചിരുന്നു. തുടർന്ന് വിജി ബിജുവിനെ പ്രസിഡന്റായും, സിമി ടിജോയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥനം പോളച്ചന് ലഭിക്കുമെന്നാണ് പലരും കരുതിയിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന സംസാരവും കോൺഗ്രസിൽ ഉയർന്ന് വന്നിട്ടുണ്ട്.