ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 165 ഓളം പേരാണ് ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്.
മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നൽകും. ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും 50000 രൂപ അടിയന്തര സഹായവും നൽകും. ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജസ്റ്റീസ് പി. ഗോകുല്‍ ദാസ് അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും 3 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. ജില്ലയിൽ വ്യാജമദ്യ വില്പന തടയാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികൾക്ക് നിർദേശം നൽകിയതായും കളക്‌ടർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, ദുരന്തത്തില്‍ മുഖ്യപ്രതിയെ പൊലീസ് പിടികൂടിയിരുന്നു. വ്യാജമദ്യവുമായി ബന്ധപ്പെട്ട 70 ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ 2 സ്ത്രീകള്‍ അടക്കം 10 പേരെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു