തൃശൂർ: ആലത്തൂരിലെ ഇടതു സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. സമൂഹമാധ്യമത്തിൽ വിഡിയോ ആയാണ് അദ്ദേഹം വോട്ടഭ്യർഥന നടത്തിയത്. തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് പറഞ്ഞുള്ള വിവാദം ഉയർന്നതിനിടെയാണ് അദ്ദേഹം കെ.രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ചത്.
‘‘എന്റെ എക്കാലത്തെയും സുഹൃത്താണു കെ.രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ജനസേവനത്തെ കുറിച്ച് ആലത്തൂരിലെ ജനങ്ങള്‍ക്കറിയാം. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍നിന്ന് വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബോധ്യമുള്ളതിനാലാണു വ്യക്തിപരമായി വോട്ടഭ്യർഥിക്കുന്നത്’’– ഗോപിയാശാന്‍ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയാണ് രംഗത്തെത്തിയത്. സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കണമെന്നും മകൻ പറഞ്ഞു. പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാകുകയും ചെയ്തതോടെ പിന്നീട് ഡിലീറ്റ് ചെയ്തു. സ്നേഹം കൊണ്ടു ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.