കാലടി: മൃദംഗ വിദ്വാൻ ആർ.എൽ.വി. വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം. ഇന്ന് കാലടി ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് പി.ടി.എ യോഗം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞെട്ടലോടെ ആ ദുഃഖവാർത്ത ശ്രവിച്ചത്. കഴിഞ്ഞ 40 വർഷമായി നൃത്തപരിപാടികൾക്ക് ഒരു അവിഭാജ്യ ഘടകമായിരുന്നു വേണു. വാദ്യ പരിശീലകനുമായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. കാലടിക്കാർക്ക് സുപരിചിതനായ അദ്ദേഹം അന്തർദ്ദേശീയ നൃത്ത സംഗീതോത്സവത്തിലെ നിറ സാന്നിദ്ധ്യമായിരുന്നു.
ആദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രോഗ്രാം നർത്തകി സുധാ പീതാംബരന്റെ നൃത്ത പ്രവേശനത്തിന്റെ അൻപതാം വാർഷിക നൃത്തപരിപാടിയായിരുന്നു. കുറുരമ്മയും കൃഷ്ണനുമാണ് അദ്ദേഹം അവസാനം വായിച്ച പ്രത്യേക പ്രോഗ്രാം. പരിപാടി കഴിഞ്ഞപ്പോൾ അദ്ദേഹം പക്ക മേളക്കാരുമൊന്നിച്ചു ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുറുപ്പംപടിയിലുള്ള എൻ.പി ബിപിൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു.
വേണു കുറുമശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പി.ടി.എ യോഗം അവസാനിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി സലിം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി. വി പീതാംബരൻ വേണുമാഷിന്റെ കലാരംഗത്തെ സേവനങ്ങളെ അനുസ്മരിച്ചു. പി.ടി.എ വർക്കിങ് പ്രസിഡന്റ് എ.എൻ. അനിൽകുമാർ, രക്ഷാധികാരി എൻ. ഗംഗകുമാർ എന്നിവർ സംസാരിച്ചു.