
കാലടി: കോളേജ് വിദ്യാർത്ഥികൾക്കിടയിലും യുവതി യുവാക്കൾക്കിടയിലും രാസലഹരി മരുന്ന് എത്തിച്ചു വിൽപന നടത്തി വരുന്ന യൂട്യൂബറായ യുവതിയെ കാലടി എക്‌സൈസ് പിടികൂടി. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. ഇവരിൽ നിന്നും 2.781 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവാവും കണ്ടെത്തി. മറ്റൂരിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. യുവതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ വി.ടി ജോൺസൺ, സിവിൽ എക്‌സൈസ് ഓഫിസർ രജിത്ത് ആർ നായർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.എം തസിയ ,ഡ്രൈവർ സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.