കാലടി: കാലടി ശ്രീശങ്കര കോളേജിൽ ഇന്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ് നടന്നു. ഫെസ്റ്റിനോടനുബന്ധിച്ച് പട്ടാളക്കാരും, എൻ.സി.സി കേഡറ്റുകളും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം, വിവിധ മത്സരങ്ങൾ എന്നിവയുണ്ടായിരുന്നു. വിവിധ ഇനം തോക്കുകൾ പ്രദർശനത്തിൽ ശ്രദ്ധയാകർഷിച്ചു. യൂണിഫോമുകൾ, പട്ടാളക്കാർ ഉപയോഗിക്കുന്ന മാപ്പ്, പട്ടാളക്കാരുടെ സ്ഥാനചിഹ്നങ്ങൾ, യുദ്ധ ടാങ്കുകളുടെ വലിയ മോഡൽ എന്നിവയും പ്രദർശനത്തിൽ ഉണ്ടായി. വിവിധ കോളേജുകളിൽ നിന്നുള്ള 500 ഓളം കേഡറ്റുകൾ പങ്കെടുത്തു,
പൊതുജനങ്ങൾക്കും പ്രദർശനം കാണുവാൻ അവസരമുണ്ടായിരുന്നു. എൻസിസിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 22 കേരള ബറ്റാലിയൻ എൻസിസി, ഏലൂർ, മേജർ ഡ്വീൻ പോൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പ്രീതി നായർ ലഫ്റ്റനന്റ് രാജി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.