കാലടി: കാലടിയിൽ എത്തിചേരുന്ന ശബരിമല തീർത്ഥടാകാർക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ ഇന്നലെ കൂടിയ അവലോകനയോഗത്തിൽ തീരുമാനമായി. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നത്. റോജി എം ജോൺ അധ്യക്ഷത വഹിച്ചു.
കാലടിയിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വിപുലമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തീരുമാനിച്ചു. ഒരു മുഴുവന്‍ സമയ ശുചീകരണ തൊഴിലാളിയെ നിയമിച്ചു. ടോയ് ലറ്റും അനുബന്ധ പ്രദേശങ്ങളും വൃത്തിയാക്കുന്നതിനും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഫീ നിരക്കുകള്‍ കാണിച്ചുകൊണ്ടുള്ള വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും കുടിവെളള ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കും താല്‍ക്കാലിക മണ്ഡപത്തിന് സമീപത്തുള്ള സ്വകാര്യ ബസുകളുടെ അനധികൃത ഓട്ടം തടയുന്നതിന് കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിക്കും.
നിവലിലുള്ള ട്യൂബ് ലൈറ്റുകള്‍ കൂടാതെ അധികമായി കൂടുതല്‍ എണ്ണം ട്യൂബ് ലൈറ്റുകള്‍ സ്ഥാപിക്കും വിശ്രമ കേന്ദ്രത്തിനും പരിസര പ്രദേശങ്ങളിലും ഉള്ള തട്ടുകടകളിലും ഹോട്ടലുകളിലും ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തുന്നതാണ്. രാത്രിക്കാല പെട്രോളിംഗ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ സ്വീകരിക്കുന്നതാണ്. സ്തൂപം ഭാഗത്ത് ഭക്തര്‍ക്ക് റോഡ് ക്രോസ് ചെയ്യുന്ന സ്ഥലത്ത് ട്രാഫിക് ഗാര്‍ഡുകളെ നിയമിക്കും. അനധികൃത പണപിരിവ് തടയുന്നതിന് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ സ്വീകരിക്കുന്നതാണ്. ശബരിമല തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.ആവശ്യമായ കുടിവെള്ള സൗകര്യം, വെളിച്ചം എന്നിവ ഏർപ്പെടുത്തും.
ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കൂടുതൽ ആളുകളുടെ സേവനം ലഭ്യമാക്കും. നിലവിലുള്ള വിശ്രമകേന്ദ്രത്തിന് പുറമെ ആവശ്യമുള്ള അളവിൽ താത്കാലിക പന്തൽ നിർമ്മിക്കും. അയ്യപ്പന്മാർക്ക് വിരിവച്ച് വിശ്രമിക്കുന്നതിനും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, അമ്പിളി ശ്രീകുമാർ, അംഗങ്ങളായ ബിനോയ് കൂരൻ, ശാന്ത ബിനു, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ്, സിജു കല്ലുങ്ങൽ, സരിത ബൈജു, പി.കെ. കുഞ്ഞപ്പൻ, പി.ബി. സജീവ് എന്നിവർ പ്രസംഗിച്ചു. പോലീസ് ഉദ്യോഗസ്ഥർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.