കാലടി: സംസ്ഥാനത്തെ മികച്ച എൻ എസ് എസ് വോളണ്ടിയറിനുള്ള അവാർഡ് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനി അപർണ പ്രസാദ് കരസ്ഥമാക്കി. തിരുവനന്തപുരം ഗവണ്മെൻ്റ് വിമൻസ് കോളേജിൽ വച്ച് നടന്ന പുസ്കാരവിതരണ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. എപിജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ മികച്ച എൻ എസ് എസ് വോളണ്ടിയറായും തിരഞ്ഞടുക്കപ്പെട്ടിരുന്നു. വോളൻ്റിയർ സെക്രട്ടറി എന്ന നിലയിൽ കോളജിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് നൽകിയ നേതൃത്വമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്. ഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തത്തിൽ എൻ എസ് എസ് നെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുത്തിരുന്നു.
സംസ്ഥാന എൻ എസ് എസ് സെല്ലിൻ്റെ മാനസഗ്രാമം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച കോളേജിനുള്ള പുരസ്കാരം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ്ജ് ഏറ്റുവാങ്ങി. കൂടാതെ എറണാകുളം ജില്ലയിൽ എയ്ഡ്സ് ബോധവത്കരണം, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി, ആസാദ് സേനയുടെ ജില്ലാതല ഏകോപനം എന്നിവക്കുള്ള പുരസ്കാരവും സിജോ ജോർജ്ജിന് സമ്മാനിച്ചു.



