കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന്റെ പൊങ്കാലയിലും മകരയൂട്ടിലും താലഘോഷയാത്രയിലും പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ കാലടിയിലെത്തി. രാവിലെ എട്ടരയോടെ മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം പൊങ്കാല അടുപ്പുകളി ലേക്ക് പകര്‍ന്നു നല്‍കി. ക്ഷേത്രപറമ്പിലും പുത്തന്‍കാവ് റോഡിന്റെ ഇരുവശങ്ങളിലുമായി അഞ്ഞൂറിലേറെ പൊങ്കാല അടുപ്പുകള്‍ സജ്ജമാക്കിയിരുന്നു. പ്രാര്‍ഥനയോടെ സ്ത്രീകള്‍ പൊങ്കാല തയ്യാറാക്കി. വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാലയടുപ്പുകളില്‍ മേല്‍ശാന്തി തീര്‍ഥം തളിച്ചതോടെ പൊങ്കാല പൂര്‍ത്തിയായി.
തുടര്‍ന്ന് ക്ഷേത്രനടയില്‍ വിവാഹം നടന്നു. ഉത്‌സവാഘോഷസമിതിയുടെ നേതൃത്വത്തിലുള്ള വിവാഹമാണ് നടന്നത്. മകരച്ചൊവ്വ ആഘോഷത്തിന്റെ ഭാഗമായി സമിതി നടത്തിയ ഒന്‍പതാമത് വിവാഹമായിരുന്നു ഇത്. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കാര്‍മികനായി. വിവാഹശേഷം നടന്ന ചടങ്ങില്‍ 21 അമ്മമാര്‍ക്ക് ചികിത്‌സാ സഹായവും 12 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കി. സായീ ശങ്കര ശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസന്‍ ചികിത്‌സാ സഹായവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സ്റ്റീഫന്‍ വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു. പ്രീതി പ്രകാശിന് പുത്തന്‍കാവ് പുരസ്‌ക്കാരവും അരുണ്‍ പുതിയേടത്തിന് യുവപ്രതിഭാ പുരസ്‌ക്കാരവും ജയന്‍ എന്‍. ശങ്കരന് പുത്തന്‍കാവിലമ്മ പുരസ്‌ക്കാരവും സമ്മാനിച്ചു.
സായീ ശങ്കര ശാന്തി കേന്ദ്രം ഡയറക്ടര്‍ പി.എന്‍. ശ്രീനിവാസന്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, കാലടി സെയ്ന്റ് ജോര്‍ജ് പള്ളി വികാരി ഫാ. മാത്യു കിലുക്കന്‍ എന്നിവര്‍ പുരസ്‌ക്കാര വിതരണം നിര്‍വഹിച്ചു. ബിഎസ്‌സി ഫോറന്‍സിക് സയന്‍സില്‍ രണ്ടാം റാങ്ക് നേടിയ ഭദ്ര അനില്‍കുമാറിനെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സംഗീത വിഭാഗം അധ്യാപിക പ്രീതി സതീഷ് അനുമോദിച്ചു. തുടര്‍ന്നു നടന്ന മകരയൂട്ട് കാലടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷസമിതി പ്രസിഡന്റ് കെ.ടി. രതീഷ്, സെക്രട്ടറി എന്‍.സുധേഷ്, ട്രഷറര്‍ ഇ.കെ. ജയകുമാര്‍, മൃതസഞ്ജീവനി ട്രസ്റ്റ് കണ്‍വീനര്‍മാരായ ബി. ഗോപി, ബിജു ഗോപി, ഇ.കെ. ശങ്കരമണി, അനില്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



