കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബി (28) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ആയുധ നിയമം, ന്യായവിരോധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിക്കൽ, കുറ്റവാളികളെ ഒളിവിൽ കഴിയുവാൻ സഹായിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ മഞ്ഞപ്രയിലെ ഒരു ബാറിലെ ജീവനക്കാരെ കയ്യേറ്റം ചെയ്ത് നാശനഷ്ടം വരുത്തിയതിന് കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 73 പേരെ നാട് കടത്തി, 92 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.