
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടാകണമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാലടി പാലത്തിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ മൂലം മണിക്കൂറുകളോളം വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ കിടക്കുന്ന സാഹചര്യമാണ്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു.
ഇതോടൊപ്പം തന്നെ മഴ ആരംഭിച്ചതോടുകൂടി എം.സി. റോഡിലും വിവിധ ഭാഗങ്ങളില്‍ അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. എം.സി.റോഡിന്റെ ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള ഭാഗം ഒ.പി.ബി.ആര്‍.സി സ്കീമില്‍ അറ്റകുറ്റപണികള്‍ക്കായി നല്‍കിയിരുന്ന കമ്പനി ഇപ്പോള്‍ പ്രവര്‍ത്തികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. എം.സി റോഡില്‍ അറ്റകുറ്റപണികള്‍ക്കായി ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. ഇത് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മന്ത്രിതല യോഗതില്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളളതുമാണ്. എന്നാല്‍ നാളിതുവരെ ഈ പ്രശ്നത്തിന് യാതൊരു പരിഹാരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അടിയന്തിരമായി കാലടി പാലത്തിന്റെ ഉള്‍പ്പെടെ എം.സി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിയില്ലെങ്കില്‍ ജനങ്ങള്‍ ദുരിതത്തിലാവും. കൊച്ചി വിമാനത്താവളത്തിലേയ്യും ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി എം.സി.റോഡിലുടെ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെ ഗൗരവമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റോജി എം. ജോണ്‍ പറഞ്ഞു.