കാലടി: കാലടിയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന പച്ചക്കറി കടയിലെ മാനേജറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ച് ലക്ഷങ്ങൾ കവർന്നു. കാഞ്ഞൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ തങ്കച്ചനെയാണ് കുത്തി പരിക്കേൽപ്പിച്ച് പണം കവർന്നത്. കാലടിയിലെ വി കെ ഡി വെജിറ്റബിൾസിലെ മാനേജറാണ് തങ്കച്ചൻ. കാലടിയിലെ ഇവരുടെ ഓഫീസിൽ നിന്നും ഉടമയുടെ വീട്ടിലേക്ക് പോകും വഴി ചെങ്ങൽ ബിഎസ്എൻഎൽ റോഡിൽ വച്ച് വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുപത് ലക്ഷത്തോളം രൂപ അക്രമികൾ കവർന്നു.ബൈക്കിൽ എത്തിയ രണ്ടംഗ സംഘം തങ്കച്ചൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പുറകെ എത്തി കുറുകെ ബൈക്ക് നിർത്തി മുഖത്ത് സ്‌പ്രേ അടിച്ചതിന് ശേഷം കുത്തുകയായിരുന്നു. തങ്കച്ചൻ ബൈക്കിൽ നിന്ന് വീണതോടെ ബാഗുമായി സംഘം രക്ഷപ്പെട്ടു. അക്രമികളുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ് പി വൈഭവ് സക്‌സേനയും,പെരുമ്പാവൂർ എഎസ്പി ആര്യ സിംഗ് എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സി ഐ അനിൽ കുമാർ മേപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രതേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.