കാലടി: മേരി മട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായുള്ള അങ്കമാലി ബ്ലോക്ക് തലത്തിലുള്ള മണ്ണ് ശേഖരണവും അമൃതകലശ യാത്രയും നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ കാലടി ആദിശങ്കര എൻജിനീയറിങ് കോളേജിൽ വച്ചു നടന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ സ്കൂളുകളുടെയും കോളേജുകളിലെയും എൻ എസ് എസ് യൂണിറ്റുകളും പഞ്ചായത്തു പ്രതിനിധികളും കൊണ്ടുവന്ന അമൃത കലശങ്ങളിലെ മണ്ണ് ബ്ലോക്ക് തലത്തിൽ തയ്യാറാക്കിയ അമൃത കലശത്തിലേക്ക് ഏറ്റുവാങ്ങി അങ്കമാലി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് കൊച്ചു ത്രേസ്യ തങ്കച്ചൻ പരിപാടി ഉത്ഘാടനം ചെയ്തു.കാലടി പഞ്ചായത്തു പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിക്കുകയും പഞ്ചപ്രാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
മലയാറ്റൂർ പഞ്ചായത്തു പ്രസിഡന്റ് വിൽസൺ കോയിക്കര, മൂക്കന്നൂർ പഞ്ചായത്തു പ്രസിഡന്റ് ബിജു പാലാട്ടി , വൈസ് പ്രസിഡന്റ് ജയ അങ്കമാലി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അഭിലാഷ് എം ആർ , നെഹ്റു യുവകേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ വിവേക് ശശിധരൻ ,ആദിശങ്കര എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. ശ്രീപ്രിയ , പ്രോഗ്രാം ഓഫീസർ സിജോ ജോർജ്ജ് എന്നിവർ സംസാരിച്ചു.
കാലടി ശ്രീശങ്കര കോളേജിൽ നിന്നും ആരംഭിച്ച അമൃതകലശയാത്രയിൽ അങ്കമാലി ബ്ലോക്കിലെ വിവിധ കലാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകരും വിദ്യാർഥികളും പഞ്ചായത്തു പ്രതിനിധികളും പങ്കെടുത്തു. വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.ബ്ലോക്ക് തലത്തിൽ ശേഖരിച്ച മണ്ണ് ഡൽഹിയിൽ വച്ചു നടക്കുന്ന ദേശീയ പരിപാടിയിലേക്ക് കൊണ്ടുപോകുന്നതാണ് .