കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്തിനെതിരെ എൽഡിഎഫ് ഉന്നയിച്ച അരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി. എൽഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് കമ്മറ്റി ചേരുന്നതിന് ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു. കഴിഞ്ഞ 26നാണ് കമ്മിറ്റിക്ക് നോട്ടീസ് ഇട്ടത്, 6 ദിവസങ്ങൾക്ക് മുൻപ് അന്ന് പഞ്ചായത്ത് ഓഫീസിനകത്ത് സമരം ചെയ്തിരുന്ന പ്രതിപക്ഷ അംഗങ്ങൾക്ക് ഓഫീസ് അസിസ്റ്റന്റ് നേരിട്ട് നോട്ടീസ് നൽകിയെങ്കിലും വീട്ടിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സമരശേഷം ഇവർ പോയപ്പോൾ നോട്ടീസ് നൽകാൻ വീടുകളിലെത്തിയെങ്കിലും ഇവർ കൈപ്പറ്റാതെ വന്നപ്പോൾ 5 മെമ്പർമാരുടെ വീടുകളിലും നോട്ടീസ് പതിച്ചു വെന്നും, 26 ന് 2.45 ന് മുഴുവൻ പഞ്ചായത്തംഗങ്ങളുടെയും മൊബൈൽ ഫോണുകളിലേക്ക് മെസേജ് ലഭിച്ചീട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു. പഞ്ചായത്ത് കമ്മറ്റി ചേരുന്നത് തങ്ങളെ അറിയിച്ചില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങൾ അസിസ്റ്റന്റ് സെക്രട്ടറിയെ തടഞ്ഞുവച്ചിരുന്നു. ഇതിനെതിരെ പഞ്ചായത്ത് പോലീസിൽ പരാതിനൽകുകയും ചെയ്തിട്ടുണ്ട്.