കാലടി: മികച്ച സംഘാടകനും, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്നു അന്തരിച്ച കാഞ്ഞൂർ പാറപ്പുറം സ്വദേശി കെ.എൻ ദയാനന്ദൻ. കാഞ്ഞൂർ പാറപ്പുറം മേഖലകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തുന്നതിൽ മുഖ്യ പങ്കാണ് ദയാനന്ദൻ വഹിച്ചത്. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎമ്മിൽ നിന്നും മാറി കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
പാറപ്പുറത്ത് യുവധാര എന്ന സംഘടന ആരംഭിച്ചത് ദയാനന്ദന്റെ നേതൃത്വത്തിലായിരുന്നു. ജനങ്ങൾക്ക് നാടകത്തെ അടുത്തറിയാൻ ഈ സംഘടനയിലൂടെ കഴിഞ്ഞിരുന്നു. വർഷത്തിൽ പത്തോളം പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് യുവധാരയിലൂടെ പാറപ്പുറത്ത്കാർക്ക് ആസ്വധിക്കാൻ കഴിഞ്ഞത്. കൂടാതെ എറണാകുളം ജില്ലാതലത്തിൽ നേത്രദാന പദ്ധതി ദയാനന്ദൻ പാറപ്പുറത്ത് സംഘടിപ്പിക്കുകയും ചെയ്തു. ഗാനഗന്ധർവ്വൻ യേശുദാസാണ് പരിപടി ഉദ്ഘാടനം ചെയ്യാനെത്തിയതും. മരണാനന്ദരം തന്റെ കണ്ണുകൾ ദാനം ചെയ്യുന്നതായും യേശുദാസ് വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും സമ്മതപത്രം ഒപ്പിട്ട് ദയാനന്ദനെ ഏൽപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെ നിരവധി പേർ കണ്ണുകൾ ദാനം ചെയ്യുന്നതായി ദയാനന്ദനെ അറിയിക്കുകയും ചെയ്തു.
ദയാനന്ദനും തന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. 2 പേർക്ക് ദയാനന്ദന്റെ കണ്ണുകൾ വെളിച്ചമേകും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ദയാനന്ദൻ മരിച്ചത്. മൃതദേഹം അങ്കമാലി എൽഎഫ് ആശുപത്രിയിൽ. കാഞ്ഞൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗ്രയ്സി ദയാനന്ദൻ ഭാര്യയാണ്, മക്കൾ: മാലു, ദേവാനന്ദ് (കാനഡ) സംസ്‌ക്കാരം പിന്നീട്.