കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധ സ്ഥലമായ മുതലക്കടവ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം – ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് നിവേദനം നൽകി. കേന്ദ്രസർക്കാർ നടത്തുന്ന സ്വച്ഛതാ പഖ്വാടാ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ സുരേഷ് ഗോപി നിർവ്വഹിക്കാനെത്തിയപ്പോഴാണ് ആനന്ദ് നിവേദനം നൽകിയത്.
ശങ്കരാചാര്യരുടെ സന്യാസ ജീവിതത്തിന് കാരണമായ കടവാണ് മുതലക്കടവ്. ശോചനീയമായി കിടക്കുകയാണ് കടവ്. സംസ്ഥാനത്തും, പുറത്തു നിന്നുമായി നിരവധി പേരാണ് മുതലക്കടവിൽ എത്തുന്നത്. ശോചനീയമായതിനാൽ പലരും കടവിൽ ഇറങ്ങാതെ മടങ്ങുകയാണ്. പിൽ ഗ്രിം ടൂറിസത്തിന്റെ സാധ്യതകൾ കടവിൽ പ്രയോജനപ്പെടുത്താമെന്നും നിവേദനത്തിൽ പറയുന്നു. ആദിശങ്കരന്റെ ജന്മസ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കാലടിയുടെ വികസനത്തിനും മുതലക്കടവിന്റെ സംരക്ഷണത്തിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.