കാലടി : കാലടി ആദി ശങ്കര എഞ്ചിനീറിങ് കോളേജ്, യൂ.എ.ഇ ആസ്ഥാനമായുള്ള സായിദ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ദി എൻവയോൺമെന്റുമായി കൈകോർക്കുന്നു. യൂ എൻ മാർഗദർശങ്ങൾക്കനുസരിച്ചുള്ള കാർഷിക-വിദ്യാഭ്യാസ പദ്ധതി ആദി ശങ്കരയിൽ നടപ്പിലാക്കുകയാണ്. പദ്ധതിലൂടെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും കൃഷിയിലേക്ക് യുവ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും.
സ്ഥിരതയുള്ള ഓർഗാനിക് ഫാർമിംഗ്, ജലസംരക്ഷണം, ജൈവവൈവിധ്യം സംരക്ഷിക്കൽ, സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക ജൈവ പച്ചക്കറികളും ധാന്യങ്ങളുടെ ഉത്പാദിപ്പിക്കൽ എന്നീ ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്നു. കൂടാതെ, കാർഷിക രംഗത്തെ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ആദിശങ്കര ബിസിനസ് ഇൻകുബേഷൻ സെന്റർ വിപുലപ്പെടുത്തി, മാർക്കറ്റ് ഗവേഷണത്തിൽ ഏർപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾക്കും മുൻതൂക്കം നൽകുന്നു. പദ്ധതിയുടെ അടിസ്ഥാന വികസനത്തിനും, ഗ്രീൻഹൗസുകളുടെ നിർമാണം, പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തൽ, സമൂഹ ആഘാതപഠനം എന്നിവക്ക് വിദേശ സഹകരണം നേടിയിട്ടുണ്ട്. ഈ സംരംഭം സുസ്ഥിര കൃഷിയുടെ ഒരു ആഗോള മാതൃക സൃഷ്ടിക്കാനും അന്താരാഷ്ട്ര സഹകരണത്തിന് പ്രോത്സാഹനം നൽകാനും ലക്ഷ്യമിടുന്നു.
പദ്ധതി കേരള സർക്കാർ വനം വകുപ്പിന്റെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് ഡോ. ആർ. കമലഹാർ ഉദ്ഘാടനം ചെയ്തു.ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു, പ്രോജക്ട് ഹെഡ് ഡോ. ജേക്കബ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ എം. എസ്. മുരളി, ഔഷധി മാനേജിങ് ഡയറക്ടർ, ഡോ. ടി. കെ. ഹൃതിക്ക്, എൻ.എസ്.എസ്. കോഓർഡിനേറ്റർ പ്രൊഫ. സിജൊ ജോർജ്, പ്രൊഫ. ഷാജി തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ യൂ.എ.ഇ ആസ്ഥാനമായുള്ള ഫൌണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ബിൻ ഫഹദ്, മുഖ്യ കോഓർഡിനേറ്റർ സജി ഇട്ടൂപ് തോമസ് എന്നിവർ യുഎയിൽ നിന്ന് ഓൺലൈനിൽ സംസാരിച്ചു.