
കാലടി: കാലടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കാലടി ടൗൺ റെസിഡന്റസ് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്ന് കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വെളളിയാഴ്ച്ച കാലടിയിൽ എത്തും. ഗതാഗതകുരുക്കുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മോട്ടോർ വാഹനം, പോലീസ്, പി.ഡബ്ലൂ.ഡി. എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം പഞ്ചായത്തിൽ നിന്നും, വിവിധ സംഘടനകളിൽ നിന്നും ലഭിച്ച പ്രായോഗിക നിർദേശങ്ങൾ ചർച്ച ചെയ്യും. ഉച്ചക്ക് ശേഷം 3 മണിക്ക് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഈ മാസം 10 ന് കാലടിയിലെ ജനപ്രതിനിധികളെയും, മോട്ടോർ വാഹനം, പോലീസ്, പി.ഡബ്ലൂ. ഡി., വിവിധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി റെസിഡന്റസ് അസോസിയേഷൻ ഒരു യോഗം സംഘടിപ്പിക്കുകയും വിവിധ കോണുകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തിരുന്നു. ഈ നിർദേശങ്ങൾ മന്ത്രി-ഉദ്യോഗസ്ഥ തല യോഗത്തിൽ അവതരിപ്പിക്കും. കാലടിയിലെയും മറ്റൂരിലെയും ഗതാഗതകുരുക്കിനുള്ള പരിഹാരനിർദ്ദേശങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്ന് കാലടിയിലെ ജനങ്ങളും, കാലടി വഴി കടന്ന് പോകുന്ന ജനങ്ങളും പ്രതീക്ഷിക്കുന്നു.