കാലടി: കാലടിയിൽ അനുദിനം അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ അടിയന്തിര പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഗ്രാമ പഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് റോജി എം ജോൺ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗം ചേർന്നു. മറ്റൂരിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫോർത്ത് മൈൽ എ.എ.റോഡിൽ നിന്നും എം.സി.റോഡുമായി ബന്ധിച്ചുള്ള കനാൽ ബണ്ട് കുറുകെ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടി നാല് വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനുള്ള നിർദ്ദേശം എം.എൽ.എ. മുന്നോട്ട് വച്ചു. ഇതിനാവശ്യമായ ഫണ്ട് എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൂർ ഗവൺമെൻ്റ് ആശുപത്രി മുതൽ കാലടി ടൗൺ വരെ മീഡിയൻ സ്ഥാപിക്കുക, യൂണിവേഴ്സിറ്റി കനാൽ ബണ്ട് റോഡ് വൺവേയാക്കുക, ബസ്റ്റാൻ്റിലേക്കുള്ള പ്രവേശന രീതി തുടരുക, ടൗണിലും, മറ്റൂർ ജംഗ്ഷനിലും ട്രാഫിക് വാർഡൻ്റെ സേവനം സ്ഥിരമായി ലഭ്യമാക്കുക, നോ പാർക്കിംഗ് ഏരിയ കൃത്യമായി പാലിക്കുക, ചില ഓട്ടോറിക്ഷ സ്റ്റാൻ്റുകളുടെ സ്ഥാനം പുനക്രമീകരിക്കുക, മലയാറ്റൂർ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകുന്ന ഭാരം കയറ്റിയ വാഹനങ്ങൾ ചെമ്പിച്ചേരി റോഡ് വഴി വിടുക, കച്ചവട സ്ഥാപനങ്ങളിലേക്കു സാധനങ്ങൾ കൊണ്ട് വന്ന് ഇറക്കുന്നതിനുള്ള സമയം നിയന്ത്രിക്കുക, ചെമ്പിച്ചേരി റോഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നു വന്നു.നിർദ്ദേശങ്ങളെല്ലാം വെളളിയാഴ്ച്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ആർ.ടി.എ ബോർഡിൻ്റെ അംഗീകാരം വാങ്ങി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
ഗ്രാമഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ജോയ് പോൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, പി.ഡ.ബ്ല്യു.ഡി. ഉദ്യോഗസ്ഥർ, മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.