കാലടി: കാലടിയിൽ വയറിളക്കവും ചർദ്ധിയും കൂടുതലായിറിപ്പോർട്ട് ചെയ്തതിനെ തുടർന്നും മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും ആരോഗ്യ വകുപ്പ് കാലടിയിൽ ഹോട്ടലുകൾ കൂൾബാറുകൾ മറ്റ് ഭഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഇറച്ചിയും പാചകം ചെയ്ത ഭക്ഷ്യസാധനങ്ങളും ഫ്രിഡ്ജിൽ ഒരുമിച്ച് സൂക്ഷിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം പാചകം ചെയ്യുകയും വിൽക്കുകയും ചെയ്ത മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലും, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും, മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുകയും ചെയ്ത വിവിധ സ്ഥാപനങ്ങളിൽ നിന്നായി 30000 രൂപ പിഴയിട്ടു. ഏഴ് സ്ഥാപനങ്ങൾക്ക് പബ്ലിക് ഹെൽത്ത് ആകട് പ്രകാരം നോട്ടീസ് നൽകി.
പരിശോധനക്ക് കാലടി സിഎച്ച്‌സി ഹെൽത്ത് സൂപ്പർവൈസർ റാഫി എം.എം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.വി ഷിബു, ഏല്യാമ്മ വർഗ്ഗീസ്, പഞ്ചായത്ത് ക്ലാർക്ക് നിധിൻ പി.എൻ എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും കർശനമായ പരിശോധന നടത്തുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ചെയർമാനായ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെജൻ തോട്ടപ്പിള്ളി, പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. നസീമ നജീബ് എന്നിവർ അറിയിച്ചു.