കാലടി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ രുക്മ ബി മാന്നാമ്പിള്ളി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ചെറുപ്പത്തിലെ അമ്മയേയും, അച്ചനേയും നഷ്ടപ്പെട്ട രുക്മ ജീവിതത്തോട് പടവെട്ടി നേടിയത് 91.60 ശതമാനം മാർക്ക്. കാഞ്ഞൂർ ചെങ്ങൽ സ്വദേശി ബൈജു എം കുമാറിന്റെയും, മിനി ബൈജുവിന്റെയും രണ്ടാമത്തെ മകളാണ് രുക്മ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ന്യുമോണിയ ബാധിച്ച് അമ്മയും, 12 ക്ലാസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അച്ചനും മരിച്ചു. പിന്നീട് എറണാകുളത്ത് ചിറ്റയുടെ സംരക്ഷണത്തിലായിരുന്നു രുക്മ.
സ്‌കൂളിലെ ഹോസ്റ്റലിൽ നിന്നായിരുന്ന പഠനം. പഠനത്തിനും മറ്റും സ്‌കൂളിന്റെ എല്ലാവിധ സഹായങ്ങളും രുക്മക്ക് ലഭിച്ചിരുന്നു. സ്‌കൂളിൽ ഹെഡ്ഗേളായിരുന്നു. പഠനത്തിൽ മാത്രമല്ല കലാ, സാംസ്‌ക്കാരിക രംഗങ്ങളിലും മുൻപന്തിയിലായിരുന്നു രുക്മ. കഴിഞ്ഞ സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കഥാരചനയിൽ രുക്മ ഒന്നാം സ്ഥാനം നേടിയിരുന്നു. സിവിൽ സർവീസ് നേടണമെന്നാണ് രുക്മയുടെ ആഗ്രഹം. സഹോദരി ജ്യോതി വിദേശത്ത് ഉപരിപഠനം നടത്തുകയാണ്.