
കാലടി: കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു. പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന് രാവിലെ 11 ന് റോജി എം ജോൺ എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അമ്പിക ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, സിജു കല്ലുങ്ങൽ, പഞ്ചായത്തംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
35 ലക്ഷം രൂപ ചിലവിലാണ് 5 മുറികളടങ്ങിയ കെട്ടിടം മത്സ്യ മാംസ മാർക്കറ്റിനായി നിർമ്മിച്ച കെട്ടിടത്തിന് സമീപം പണി പൂർത്തിയായിട്ടുള്ളത്. ഇവിടെ പച്ചക്കറിയും പലവ്യഞ്ജന വ്യാപാരവുമാണ് ലക്ഷ്യമിടുന്നത്.ഡിസംബർ 5 ന് മാർക്കറ്റ് പൂർണ്ണമായും ലേലം ചെയ്യും. മത്സ്യ-മാംസ മാർക്കറ്റിനായി 20 സ്റ്റാളുകളാണ് ലേലം ചെയ്യുക. ലേലം പോകാതെ കിടക്കുന്ന 2 ചിക്കൻ സ്റ്റാളുകളും, 4 പന്നിയിറച്ചി സ്റ്റാളുകളും ഇതോടൊപ്പം ലേലം ചെയ്യും. ഡിസംബർ 25 ന് മുൻപ് മാർക്കറ്റ് പ്രവർത്തനമാരംഭിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കാലടിയിലെത്തുന്ന ജനങ്ങൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം. മാർക്കറ്റ് പ്രവർത്തനമാരംഭിച്ചാൽ പിന്നെ മാർക്കറ്റ് ഏരിയയിൽ വഴിയോര കച്ചവടവും, ലൈസൻസില്ലാതെയുള്ള കച്ചവടവും അനുവദിക്കില്ല.